സ്ഥാപന ചരിത്രം
പതിനഞ്ചാം ശതകത്തിന്റെ ആദ്യത്തില്‍ വേണാട് സ്വരൂപം രണ്ടായി പിരിഞ്ഞ് തൃപ്പാപ്പൂര്‍, ദേശിങ്ങനാട് (ജയസിംഹനാട്) എന്നീ ശാഖകളായി തീര്‍ന്നു. തിരുവിതാംകോട് (ഇന്നത്തെ കന്യാകുമാരി ജില്ല) ആസ്ഥാനമായിരുന്ന തൃപ്പാപ്പൂര്‍ സ്വരൂപമാണ് പിന്നീട് തിരുവിതാംകൂര്‍ എന്നറിയപ്പെട്ടത്. പ്രസ്തുത തൃപ്പാപ്പൂര്‍ സ്വരൂപത്തിലെ ചില തമ്പുരാട്ടിമാര്‍ ആറ്റിങ്ങലില്‍ താമസിച്ചിരുന്നു. ഇവരെ ആറ്റിങ്ങല്‍ തായ്വഴി എന്നറിയപ്പെട്ടിരുന്നു. ആറ്റിങ്ങലും പരിസരപ്രദേശങ്ങളും ഈ താവഴിയില്‍പ്പെടുത്തി ആറ്റിങ്ങല്‍ തമ്പുരാട്ടിമാര്‍ ഭരിച്ചുപോന്നു. എങ്കിലും ഇതൊരു സ്വതന്ത്രഭരണ സമ്പ്രദായമായിരുന്നില്ല. തിരുവിതാംകൂര്‍ രാജാവിന്റെ അനുവാദത്തോടെയും അംഗീകാരത്തോടെയും ആയിരുന്നു ഈ ഭരണക്രമം. ആറ്റിങ്ങല്‍ തായ്വഴികള്‍ അധിവസിച്ചിരുന്ന കൊല്ലമ്പുഴ നിന്നും ഉദ്ദേശം 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന ചെറുന്നിയൂരും ഈ തായ്വഴിയുടെ ഭരണനിയന്ത്രണത്തില്‍പ്പെട്ട പ്രദേശമായിരുന്നു. അതുകൊണ്ടാകാം ഈ പഞ്ചായത്തുപ്രദേശത്തെ ഭൂമികളാകെ പണ്ടാരംവക എന്നും, പണ്ടാരപ്പാട്ടം എന്നും നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് ശ്രദ്ധേയമാണ്. ദേശിങ്ങനാടിന്റെ ആസ്ഥാനം കൊല്ലവും തിരുവിതാംകൂറിന്റെ ആസ്ഥാനം തിരുവിതാംകോടും ആയിരിക്കെ, വഴിപിരിഞ്ഞ സ്വരൂപങ്ങള്‍ തമ്മില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സൌകര്യമായ ഗതാഗതസംവിധാനം അത്യാവശ്യമായി. ഈ ഗതാഗതത്തിന്റെ ചരിത്രത്തിലാണ് ചെറുന്നിയൂര്‍ പ്രദേശം ശ്രദ്ധിക്കപ്പെടുന്നത്. 1877 -ലും 1880-ലുമായി വര്‍ക്കല തോട്ടില്‍ ഒന്നും രണ്ടും തുരങ്കങ്ങളുടെ പണി പൂര്‍ത്തിയായതോടെ തിരുവനന്തപുരം വരെ നീളുന്ന ഒരു ജലഗതാഗത മാര്‍ഗ്ഗം ഉണ്ടായി. എന്നാല്‍ ഈ തുരങ്കങ്ങള്‍ പൂര്‍ത്തിയാകും മുമ്പ്, കൊല്ലത്തുനിന്നും തോണിയില്‍ത്തന്ന മുഴുവന്‍ ദൂരവും സഞ്ചരിക്കാന്‍ ആകുമായിരുന്നില്ല. ‘മയൂരസന്ദേശം’ 62, 63 പദ്യങ്ങളില്‍ സൂചിപ്പിക്കുംവിധം വര്‍ക്കല നിന്നും അടുത്ത ജലഗതാഗതകേന്ദ്രത്തില്‍ എത്തിച്ചേരാന്‍ ചെറിയൊരു ദൂരം കരമാര്‍ഗ്ഗം സഞ്ചരിക്കേണ്ടിയിരുന്നു. വര്‍ക്കലയുടെ പടിഞ്ഞാറുള്ള ചിലക്കൂര്‍ ആയിരുന്നു ഇങ്ങനെ യാത്ര തുടരേണ്ടിയിരുന്ന ഒരു കേന്ദ്രം. രണ്ടാമതു കേന്ദ്രമാകട്ടെ ചെറുന്നിയൂര്‍ പഞ്ചായത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പുത്തന്‍കടവ് ആയിരുന്നു. കൊല്ലത്തുനിന്നും വര്‍ക്കലയ്ക്കുള്ള ജലഗതാഗതമാര്‍ഗ്ഗത്തില്‍ സുപ്രധാനമായ ഒരു കേന്ദ്രമായിരുന്ന നടയറ കടവില്‍ നിന്നും, പുത്തന്‍കടവിലേക്ക് ഉദ്ദേശം 4 കിലോമീറ്റര്‍ നീളത്തില്‍ അതിവിശാലമായ ഒരു റോഡ് നിലവിലുണ്ട്. വസ്തുതകള്‍ പരിശോധിച്ചാല്‍ ഈ റോഡിന് തീര്‍ച്ചയായും 1877 നും പിറകോട്ട് 15-ം ശതകത്തിന്റെ ആദ്യപകുതിയിലേക്ക് നീളുന്ന ഒരു ഭൂതകാലമുണ്ടായിരിക്കണം. കോഴിത്തോട്ടം കായലില്‍ സ്ഥിതി ചെയ്യുന്ന പുത്തന്‍കടവില്‍ നിന്നും ജലമാര്‍ഗ്ഗം കഠിനംകുളം കായലിലേക്കും തുടര്‍ന്ന് തിരുവനന്തപുരം വരെയും സുഗമമായി ജലപാത അന്നുണ്ടായിരുന്നു.
പഞ്ചായത്തുരൂപീകരണത്തിന് മുന്‍പ് വില്ലേജുകളുടെ ഭരണം നടത്തിയിരുന്നത് പ്രധാനമായും വില്ലേജധികാരികള് ആയിരുന്നു. ഇപ്പോഴത്തെ വില്ലേജാഫീസര്‍ക്ക് തുല്യമാണെങ്കിലും മുന്‍കാലങ്ങളില്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പ്രബലമായ സ്വാധീനം ഭരണകാര്യങ്ങളില്‍ ഉണ്ടായിരുന്നു. അധികാരിയുടെ ആസ്ഥാനത്തിന് ചാവടി എന്നായിരുന്നു പേര്. ചെറുന്നിയൂരില്‍ ചാവടി ആദ്യമായി ആരംഭിച്ചത് ഒരു സ്വകാര്യവ്യക്തിയുടെ വീട്ടിലായിരുന്നു. ഈ വീട്ടിന് ചാവടി പുത്തന്‍ വീട് എന്ന പേരും ലഭിക്കുകയുണ്ടായി.1953-ല്‍ മുടിയക്കോട്, മേക്കോണം, അയന്തി, പാലച്ചിറ, വെന്നിക്കോട്, അകത്തുമുറി, കാറാത്തല, എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചെറുന്നിയൂര്‍ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. തുടര്‍ന്ന് ഒരു പഞ്ചായത്ത് ഭരണസമിതി നിലവില്‍ വരികയും തൊടിയില്‍ എന്‍.നടരാജന് ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെടുകയും ചെയ്തു. അന്നാളുകളില്‍ പഞ്ചായത്ത് ഓഫീസര്‍ എന്ന തസ്തിക നിലവിലില്ലായിരുന്നു. ഓഫീസറുടെ എക്സിക്യൂട്ടീവധികാരങ്ങള് പ്രസിഡന്റില്‍ നിക്ഷിപ്തമായിരുന്നു. ഒരു പാര്‍ട്ട്ടൈം ക്ളാര്‍ക്കും ഒരു പാര്‍ട്ട് ടൈം ശിപായിയുമായിരുന്നു ഉദ്യോഗസ്ഥരായി ഉണ്ടായിരുന്നത്. ഏതാണ്ടൊരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഓരോ മുഴുവന്‍സമയ ക്ളാര്‍ക്കും ശിപായിയും നിയമിതരായി. 1956-ല്‍ ആണ് മുഴുവന്‍ സമയ പഞ്ചായത്തോഫീസര് എക്സിക്യൂട്ടീവ് അധികാരങ്ങളോടെ നിയമിതനായതും മുഴുവന്‍സമയ പഞ്ചായത്താഫീസ് പ്രവര്‍ത്തിച്ചുതുടങ്ങിയതും. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്ത് ഓഫീസിന് സ്വന്തമായി മന്ദിരമുണ്ടായത് 1965-ലാണ്.